ഇസ്രയേൽ ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു; റോയിട്ടേഴ്സ് റിപ്പോർട്ട്
നേരത്തെ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇറാനിയൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈല്‍ നിരയ്ക്കും വ്യോമപ്രതിരോധ നിരയ്ക്കും എതിരെ ആക്രമണം നടത്തുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്.
നേരത്തെ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ‘ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടു’വെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇറാൻ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണൾഡ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇറാനിൽ ആക്രമണം തുടരുമെന്നും ഇറാനിയന്‍ പൗരന്‍മാർക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.അതേസമയം, ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 747 പേർക്കാണ് പരിക്കേറ്റത്. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഗൾഫ് മേഖലയിലും നാശനഷ്ടങ്ങളുണ്ടായി.
