ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍
കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. (attack against ksu leader who is accused in protest against veena george case)
ബിതുലിന്റെ വീടിന് നേരെ രണ്ടുപേര്‍ എന്തോ തരത്തിലുള്ള സ്‌ഫോടക വസ്തു കത്തിച്ച് എറിയുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. കോഴിക്കോട് വടകര തിരുവള്ളൂരാണ് ബിതുലിന്റെ വീട്. ഗേറ്റിന് പുറത്തുനിന്നാണ് രണ്ടുപേര്‍ സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ ജനല്‍ച്ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. ബിതുല്‍ നിലവില്‍ ജയിലിലാണ്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആക്രമണ ദൃശ്യങ്ങള്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും പോലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.
