അസമിൽ കോൺഗ്രസിന് തിരിച്ചടി; ഭൂപെൻ ബോറ ബിജെപിയിൽ ചേർന്നു
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അസമിൽ നിർണായക നീക്കം. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ ഭൂപെൻ ബോറ ബിജെപിയിൽ ചേർന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ബോറ ബിജെപിയിൽ അംഗത്വം എടുത്തത്. അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ, സംസ്ഥാനത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ എന്നിവരുടെ നേത്യത്വത്തിലാണ് ബോറയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.തനിക്ക് പിന്നാലെ ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് ബോറ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. അസമിലെ നിലവിലുള്ള കോൺഗ്രസ് കമ്മിറ്റിയെ സംബന്ധിച്ച് രൂക്ഷവിമർശനം ഉന്നയിച്ചാണ് ബോറ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഇത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് കമ്മിറ്റിയിലെ ചില പ്രശ്നങ്ങൾ തുറന്നുപറഞ്ഞതിൽ പ്രധാനിയായ ഒരാളാണ് ഭൂപെൻ ബോറ.
അതേസമയം, ഭൂപെൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്നും പ്രഖ്യാപിച്ചിരുന്നു.
