Uncategorized

ദീപക്കിന്റെ മരണം: ഷിംജിത പുറത്ത്; ഷിംജിതയ്ക്ക് നേരെ ജയിലിന് പുറത്ത് കൂവല്‍

Spread the love

ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പേരില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷിംജിത പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ പ്രതികരണം. (deepak’s death shimjitha released from jail)നീണ്ട 22 ദിവസങ്ങള്‍ക്കു ശേഷമാണ് ഷിംജിത ജയില്‍ മോചിതയായത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. നേരത്തേ ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഷിംജിത ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.ദീപക്കിന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഫൊറന്‍സിക് ഫലം വരുന്നതുവരെ റിമാന്‍ഡില്‍ കഴിയേണ്ട സാഹചര്യം കേസില്‍ ഇല്ലെന്നായിരുന്നു പ്രതിഭാഗം വാദം. ഷിംജിതയുടെ ജാമ്യം നിരാശ ഉണ്ടാക്കി എന്നായിരുന്നു ദീപക്കിന്റെ കുടുംബം പ്രതികരിച്ചത്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, ഷിംജിത ജയിലില്‍ കിടക്കേണ്ടവള്‍ തന്നെ ആണെന്നും ദീപക്കിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതില്‍ മനം നൊന്താണ് ദീപക് ജനുവരി 17ന് ജീവനൊടുക്കിയത്. ഒളിവിലായിരുന്ന ഷിംജിത ജനുവരി 21നാണ് വടകരയിലെ ബന്ധുവീട്ടില്‍ നിന്നും പൊലീസിന്റെ പിടിയിലായത്.