‘മാസത്തിൽ രണ്ട് തവണ സംസം എന്ന് മീറ്ററിൽ എഴുതിയാൽ മതി, ദൈവം അനുവദിച്ചാല്‍ വൈദ്യുതി ബില്‍ താനേ കുറയും’: പാക് മൗലാനയുടെ വിഡിയോ വൈറൽ
വൈദ്യുതി ബിൽ കുറയ്‌ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാർഗം സോഷ്യൽ മീഡിയയിൽ വൈറൽ. രാജ്യത്ത് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇദ്ദേഹം നൽകുന്ന മറുപടിയാണ് വിഡിയോയിലുള്ളത്. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
എക്സ്പ്രസ് ടിവിയിലെ ജാവേരിയ സൗദിന്‍റെ റമദാൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനായ മൗലാന ആസാദ് ജമീലിന്‍റെ പഴയൊരു വിഡിയോയിലാണ് വൈദ്യുതി ബിൽ കുറയ്ക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വച്ച നിദ്ദേശമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
വേനൽകാലത്ത് വൈദ്യുതി ബിൽ വർദ്ധിച്ച് വരികയാണെന്നും കുറയ്‌ക്കാൻ എന്തെങ്കിലും പ്രാർത്ഥനയോ പ്രതിവിധിയോ പറയാമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതു കേട്ടപാടെ മൗലന പ്രതിവിധിയും പറഞ്ഞു കൊടുത്തു. മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം.
ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വിഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍ ഉറപ്പ് നൽകി.
കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ തലവേദനയാകുന്നുണ്ടോ? ഈ പാക് മൗലാനയ്‌ക്ക് ഒരു ദൈവിക പരിഹാരമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് . 1.4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.