Friday, February 13, 2026
Latest:
NationalTop News

വിക്ടറി പരേഡിനിടെയുണ്ടായ ദുരന്തം: എല്ലാവരുടേയും സുരക്ഷയാണ് പ്രധാനമെന്ന് ആര്‍സിബി; വിവരിക്കാനാകാത്ത ദുഃഖമെന്ന് കൊഹ്‌ലി

Spread the love

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരണവുമായി വിരാട് കൊഹ്‌ലിയും ആര്‍സിബിയും. എല്ലാവരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും സംഭവം അറിഞ്ഞയുടന്‍ തന്നെ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും ആര്‍സിബി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രസ്താവന പുറത്തിറക്കി. വിവരിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് ആര്‍സിബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്നലെ സംഭവിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്ന് ആര്‍സിബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് തങ്ങളും ഈ വിവരം അറിയുന്നത്. എല്ലാവരുടേയും സുരക്ഷയും ക്ഷേമവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം. മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ആര്‍സിബി പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും പ്രാദേശിക ഭരണകൂടത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചെന്നും പ്രസ്താവനയിലുണ്ട്. ദയവായി എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആര്‍സിബി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.11 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.