Saturday, May 16, 2026
KeralaTop News

NH 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും, 2026 പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Spread the love

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്. 2026 പുതുവത്സരസമ്മാനമായി പാത നാടിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായി മന്ത്രി റിയാസ് അറിയിച്ചു.

ദേശീയപാതയുമായി ബന്ധപ്പെട്ടുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി മുഖ്യമന്ത്രി മന്ത്രി നിതിന്‍ ഗഡ്കരിയോട് സംസാരിച്ചുവെന്നും കൂരിയാട് ഇന്നത്തെ ചര്‍ച്ചയുടെ ഭാഗമായെന്നും റിയാസ് പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്‍കി. രണ്ട് കാര്യങ്ങളിലൂന്നിയായിരുന്നു ഇന്നത്തെ ചര്‍ച്ച. നിര്‍മാണത്തിലെ അപാകത പ്രധാന ചര്‍ച്ചയായി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്നതാണ് രണ്ടാമതായി ചര്‍ച്ചയായത്. ദേശീയപാത 66 മലയാളിയുടെ സ്വപ്‌ന പദ്ധതിയാണ്. ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വളരെയേറെ തുക ദേശീയപാതയ്ക്കായി മുടക്കുന്നുവെന്നതും വലിയ പ്രത്യേകതയാണ്. 5600 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. കേരളം പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി വരുന്നത് മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഭാരിച്ച തുകയാണ്. വീതിയുള്ള പാത നിര്‍മിക്കുക എന്നത് ഇവിടെ എളുപ്പമുള്ള കാര്യമല്ല. ഇപ്പോള്‍ തന്നെ ദേശീയപാത നിര്‍മാണം വൈകി. റോഡ് നിര്‍മാണം നിന്നുപോയിട്ടില്ലെന്നും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കൂരിയാട് വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ ഉറങ്ങിക്കിടക്കുകയായിരുന്നില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കൂരിയാട് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമീപനം ഉത്തരവാദിത്തമില്ലാത്ത തരത്തിലായിരുന്നു. ഇതാ കിട്ടിപ്പോയി എന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.