NationalTop News

മധ്യപ്രദേശിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; ലക്ഷ്യം 2028

Spread the love

ഭോപ്പാല്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെത്തി. സംസ്ഥാനത്ത് സംഘടന സംവിധാനം താഴെതട്ടില്‍ കെട്ടിപ്പടുക്കുക എന്ന എഐസിസി തീരുമാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം. ‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ പ്രചരണത്തിന്റെ ഭാഗമായി വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു.

പ്രചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.

നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്‌വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്‌വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ കൊണ്ട് ലക്ഷ്യമിടുന്നത് താഴെതട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കലും പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കലുമാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കാലമായി ഭരണത്തിലില്ല. ‘മിഷന്‍ 2028’ലൂടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്നാണ് ലക്ഷ്യമിടുന്നത്’, അരുണ്‍ യാദവ് പറഞ്ഞു.