KeralaTop News

ED അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിജിലന്‍സിന് നോട്ടീസ്

Spread the love

കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് ഈമാസം 11 ന് വീണ്ടും പരിഗണിക്കും.

കേസ് വീണ്ടും പരി​ഗണിക്കും വരെ അറസ്റ്റ് ഉണ്ടാകില്ല. കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരനെതിരെയുള്ള ഇ ഡി കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ശേഖർ കുമാർ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായ മൂന്നു പേർക്കും മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.