‘അതിരുകടന്ന സദാചാര പൊലീസിംഗ് അനാവശ്യം’; അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് കണ്ട യുവാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി കോടതി
അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സിന് ബുക്ക് ചെയ്തതിന് അഞ്ച് യുവാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി മെനേസസ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ഇത്തരം നൃത്തങ്ങള്‍ കാണുന്നത് അശ്ലീല പ്രവര്‍ത്തിയായി കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാറിയ കാലത്ത് അല്പ വസ്ത്രധാരണം സാമുഹിക ക്രമത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.
അല്‍പ വസ്ത്രത്തില്‍ യുവാക്കള്‍ നൃത്തം ആസ്വദിച്ചത് നര്‍ത്തകിയുടെ സമ്മതത്തോടെയാണെന്നത് കോടതി ചൂണ്ടിക്കാട്ടി. നീന്തല്‍ വസ്ത്രത്തില്‍ അടക്കം സ്ത്രികള്‍ പരസ്യമായി ഉപയോഗിയ്ക്കാറുണ്ടെന്നും ഇറക്കമില്ലാത്ത വസ്ത്രത്തില്‍ അവരെ കാണുന്നത് അശ്ലീലത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. ഇതിനാല്‍ തന്നെ ഐപിസി സെക്ഷന്‍ 294 യുവാക്കള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അതിരുകടന്ന സദാചാര പൊലീസിംഗ് അനാവശ്യവും നിയമത്തിന്റെ താത്പര്യത്തിന് വിരുദ്ധവും ആണെന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. യുവാക്കളുടെ പ്രവൃത്തി അശ്ലീമാണെന്ന് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് വ്യക്തിപരമായി അഭിപ്രായമുണ്ടായിരിക്കാം. എന്നാല്‍ ആ അഭിപ്രായം സ്വീകരിച്ച് കോടതി ഇടുങ്ങിയ വീക്ഷണം സ്വീകരിക്കുന്നത് പിന്തിരിപ്പനായിപ്പോകുമെന്നും ബെഞ്ച് പറഞ്ഞു.