മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവും; കെ മുരളീധരൻ
കെവി തോമസ് ഇപ്പോൾ കോൺഗ്രസിനൊപ്പമില്ലെന്നും മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവുമെന്നും കെ മുരളീധരൻ എംപി. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും 20000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്‍റി ട്വന്‍റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്‍റി ട്വന്‍റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരംഗത്തില്ലാത്തതിനാൽ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്നാണ് കെ മുരളീധരൻ പറയുന്നത്.