സൂത്രധാരന്‍ സെയ്ഫുള്ള കസൂരി; സംഘത്തില്‍ രണ്ട് പാക് സ്വദേശികള്‍; പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരെന്നാണ് വിവരം. രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരെന്നും തിരിച്ചറിഞ്ഞു. ക്യാമറയുള്ള ഹെല്‍മറ്റ് ധരിച്ചെത്തിയ ഭീകരവാദികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും വിവരമുണ്ട്.
ആക്രമണത്തിന് പിന്നിലെ മൂന്ന് ഭീകരരുടെ രേഖാചിത്രം എന്‍ഐഎ പുറത്ത് വിട്ടു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് എന്‍ഐഎ സംഘം രേഖാചിത്രം പുറത്ത് വിട്ടത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ബിജ് ബഹാരയിലെ ആദില്‍, ത്രാളിയിലെ ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പഷ്തൂണ്‍ ഭാഷ സംസാരിക്കുന്ന രണ്ട് പേര്‍ സംഘത്തിലുള്ളതായും വിവരമുണ്ട്. പാകിസ്താന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ളവര്‍ സംസാരിക്കുന്ന ഭാഷയാണിത്. ബൈസരണ്‍ താഴ്വര ഭീകരര്‍ അക്രമത്തിനായി തെരഞ്ഞെടുത്തത് രക്ഷാപ്രവര്‍ത്തകര്‍ പെട്ടന്ന് എത്താതിരിക്കാനെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍. അമേരിക്കന്‍ നിര്‍മ്മിത എം4, എകെ 47/56 റൈഫിളുകള്‍ ഉപയോഗിച്ചാണ് വെടിവച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.
ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തി. അമിത് ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം ചേരും.