Kerala

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

Spread the love

കൊട്ടാരക്കര പുലമണ്ണിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂണിറ്റ് എസ്ഐ അരുൺകുമാർ, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയൻ, സിപിഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി.

പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡി ഐ ജി ആർ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.ഉദ്യോഗസ്ഥർക്ക് എതിരെ ഒരുമാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിർദ്ദേശം. ബിജുലാൽ ആണ് അന്ന് വാഹനമോടിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിൽ പൊലീസുകാരുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായതായി നേരത്തേ പരാതി ഉയർന്നിരുന്നു. അതിലാണ് ഇപ്പോൾ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് രോഗി ഉൾപ്പെടെ മൂന്ന് പേർക്കാണ് പരുക്കേറ്റിരുന്നത്.