വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമ പോരാട്ടം; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും
വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ നിയമ പോരാട്ടം. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും. മുസ്ലിം ലീഗ് ഉൾപ്പെടെ ഇതുവരെ സുപ്രീംകോടതിയെ സമീപിച്ച പാർട്ടികൾ വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി. ഇന്നലെ മുതിർന്ന അഭിഭാഷകർ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപാകെ അറിയിച്ചിരുന്നു.
അഭിഭാഷകരുടെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. നിയമ പോരാട്ടത്തിനോടൊപ്പം തെരുവിൽ പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധവും പരിഗണനയിലാണ്. അതേസമയം മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ച വഖഫ് ബോർഡ് നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇന്ന് വാദം തുടങ്ങിയേക്കും.
വഖഫ് ട്രിബ്യൂണലാണ് കേസ് പരിഗണിക്കുക. കേസിൽ കക്ഷി ചേരാനുള്ള മുനമ്പം നിവാസികളുടെ അപേക്ഷ ഇന്നലെ ട്രിബ്യൂണൽ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാദം ആരംഭിക്കുന്നത്. നിലവിൽ 10 പേരാണ് ഹരജയിൽ കക്ഷി ചേർന്നിട്ടുള്ളത്. കക്ഷിച്ചേരണമെന്ന് വഖഫ് സംരക്ഷണ സമിതിയുടെയും വകുപ്പ് സംരക്ഷണ വേദിയുടെയും അപേക്ഷ ട്രിബ്യൂണൽ തള്ളിയിരുന്നു.