‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും’; ഹമാസിന് തെറ്റ് മനസിലാകുമെന്ന് നെതന്യാഹു
ഹമാസിനെതിരെ യുദ്ധം കടുപ്പിക്കുകയാണ് ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
‘ഇസ്രയേൽ യുദ്ധത്തിലാണ്. യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും. ഇസ്രയേലിനെതിരായ ആക്രമണം തെറ്റാണെന്ന് ഹമാസിന് വ്യക്തമാകും’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
നിരവധി ചെറുപ്പക്കാരായ ഇസ്രയേലി പൗരന്മാരെ ഹമാസ് കൂട്ടക്കൊല നടത്തിയെന്ന് നെതന്യാഹു പറഞ്ഞു. നിരവധി സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും തട്ടിക്കൊണ്ടുപോയി. കുട്ടികളെ വരെ വധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎസ്ഐഎസ് ആണ് ഹമാസ്. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലിൽ 900 പേരും ഗാസയിൽ 650 പേരും കൊല്ലപ്പെട്ടു. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു.ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.