പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതി പ്രവാഹം
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതി പ്രവാഹം. എടത്തല പൊലീസിന് ഇതുവരെ നേതാവിന്റെ പേരിൽ തുടർച്ചയായ ദിവസങ്ങളിലായി മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്.
പണമടച്ച് ഒരുവർഷം കഴിഞ്ഞിട്ടും സ്‌കൂട്ടർ നൽകിയില്ലെന്നതാണ് പാരാതികളിൽ കൂടുതലും. എ എൻ രാധാകൃഷ്‌ണനും അദ്ദേഹം പ്രസിഡന്റായ സൈൻ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ) സൊസൈറ്റിക്കും എതിരെയും പരാതിയുണ്ട്. ലഭിച്ച പരാതികളിൽ ഇതുവരെ എഫ്‌ഐആർ ഇട്ടിട്ടില്ല.
മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
അതേസമയം, ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആവശ്യമായ ചികിത്സ നൽകാനുളള സംവിധാനം ജയിലിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി. പാതിവില തട്ടിപ്പ് കേസ് പ്രതികളായ ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരുടെ ജാമ്യാപേക്ഷ വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റി.