NationalTop News

ഇന്ത്യയിലും ആഘോഷം, സുനിത വില്യംസിൻ്റെ മടങ്ങിവരവ് ആഘോഷിച്ച് ജന്മനാടായ ജുലാസൻ ഗ്രാമം

Spread the love

ഒമ്പതുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും -മോദി കുറിച്ചു.

മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്സിൽ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു

2016-ൽ ഞാൻ അമേരിക്ക സന്ദർശിച്ച ഘട്ടത്തിൽ നിങ്ങളെ കണ്ടുമുട്ടിയത് സ്നേഹപൂർവ്വം ഓർക്കുന്നു. തിരിച്ചു വരവിന് ശേഷം ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കൻ സന്ദർശന വേളയിൽ ബൈഡനേയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോൾ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും കത്തിൽ പറയുന്നു.

നിങ്ങളുടെ നേട്ടത്തിൽ 1.4 ബില്യൺ ഇന്ത്യക്കാർ അഭിമാനിക്കുന്നു. ആയിരം മൈലുകൾ അകലെയാണെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. പൂർണ ആരോഗ്യവാന്മാരായിരിക്കാനും ദൗത്യവിജയത്തിനും ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു. സുനിതയുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു മോദി പറഞ്ഞു. പരേതനായ ദീപക് ഭായിയുടെ അനുഗ്രവും നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ടെന്നും മോദി കത്തിൽ പറഞ്ഞു.

ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിയിൽ തിരികെയെത്തിയത്. ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. കടലിൽ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.