വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു; അഫാനെതിരെ മാതാവിന്റെ മൊഴി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ നിർണായക മൊഴി. തന്നെ അക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ് ഷെമി.’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചത്. ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമിയുടെ മൊഴി. കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.
കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ചത് എന്നായിരുന്നു ഇന്നലെ രാവിലെയും ഷെമി പറഞ്ഞിരുന്നത്. എന്നാൽ വൈകിട്ടോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ഷെമി നൽകുകയായിരുന്നു. കട്ടിലില്‍ നിന്ന് വീണതെന്നായിരുന്നു ഷെമി ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്. അഫാന്‍ തന്റെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഷെമി പറയുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ തന്നെ ബോധം പോയെന്ന് ഷെമി പറയുന്നു.
അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്. കേസിൽ ഷെമിയുടെ മൊഴി നിർണായകമാണ്. ഇതിലാണ് ഇപ്പോൾ അഫാനെതിരെ ഷെമി മൊഴി നൽകിയിരിക്കുന്നത്. മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികൾ അഫാൻ പോലീസിനോട് വിശദീകരിച്ചു നൽകി.