KeralaTop News

‘ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ല; പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് അറിയിച്ചു’ ; കെ രാധാകൃഷ്ണന്‍

Spread the love

കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി. ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വത്ത് സമ്പാദിച്ചെന്ന് പറഞ്ഞല്ലേ. അതുമായി ബന്ധപ്പെട്ട് ആരൊക്കെ എങ്ങനെയൊക്കെ വേണമെങ്കിലും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് കണ്ടെത്തട്ടെ – അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടണമെന്ന നിലപാടാണ് പാര്‍ട്ടിക്കും ഗവണ്‍മെന്റിനെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് വന്നു എന്ന് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരമാണ് വിവരം അറിഞ്ഞത്. ഇന്നലെ ഹാജരാകണം എന്ന് പറഞ്ഞാണ് നോട്ടീസ്. അപ്പോള്‍ സ്വാഭാവികമായും ഇന്നലെ ഹാജരാക്കാന്‍ കഴിയില്ല. നോട്ടീസ് ലഭിച്ച ഉടന്‍തന്നെ ഹാജരാകാന്‍ കഴിയില്ല എന്ന് ഇ ഡി ഓഫീ പിന്നെ അറിയിച്ചു. പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് അറിയിച്ചു – അദ്ദേഹം വ്യക്തമാക്കി.

നോട്ടീസില്‍ പറയുന്ന വിവരങ്ങളല്ല മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഹാജരാക്കാന്‍ ഉണ്ടെങ്കില്‍ വരണമെന്നും രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഡോക്യുമെന്റ്‌സുമായി ഹാജരാവുകയും ചെയ്യും. ഭയപ്പെടേണ്ട കാര്യമില്ല. ഏത് അന്വേഷണം വന്നാലും നേരിടാന്‍ കഴിയും. ഏത് കേസാണ് എന്ന് നോട്ടീസില്‍ പറഞ്ഞിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

എതിരാളികളെ എങ്ങനെയൊക്കെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായി നില്‍ക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കുകയെന്ന അജണ്ട പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് നല്‍കിയത്. കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍. ഇക്കാരണത്താലാണ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്തിമ കുറ്റപത്രം കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ സിപിഐഎമ്മിന്റെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.