KeralaTop News

ചൂരൽമലയിലെ മനുഷ്യരെ ഇനിയും വേർപിരിക്കരുത്, ഒരുമിച്ച് നിൽക്കണം; മന്ത്രി കെ രാജൻ

Spread the love

ചൂരൽമലക്കാരെ ഇനിയും വേർപിരിക്കരുത് ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി കെ രാജൻ. സർക്കാർ പറഞ്ഞ രീതിയിൽ തന്നെ വീടിൻറെ നിർമ്മാണ പ്രവർത്തികളിലേക്ക് കടക്കുകയാണ്. എല്ലാവരെയും ഒരുമിച്ച് ഒറ്റ ടൗൺഷിപ്പിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ ആഗ്രഹിച്ചു.അവിടെ എല്ലാവർക്കും താമസിക്കാനുള്ള ഇടം വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ആഗ്രഹിച്ചത്. എല്ലാവരും ഒരു കേന്ദ്രത്തിൽ ഉണ്ടാകണമെന്നതാണ് സർക്കാരിൻറെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുനഃരധിവാസവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നടപടി ക്രമങ്ങളിൽ യാതൊരു വിധത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. ദുരന്തമുണ്ടായി 61 -ാം ദിവസം തന്നെ ഭൂമി ഏറ്റെടുക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിരുന്നു.സർക്കാരിന് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത് ഒരു പൊതു കേന്ദ്രത്തിൽ വീടുകൾ തുടങ്ങാം എന്നതാണ്. അതിനായി എല്ലാവരും ഒരു മനസ്സോടെ ഒന്നിച്ചു നിൽക്കണം മന്ത്രി കെ രാജൻ പറഞ്ഞു.

ഏറ്റവും അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തികളിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സംവിധാനത്തിന് കീഴിൽ എല്ലാവരും അണിനിരക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാകണമെന്നും മന്ത്രി വ്യക്തമാക്കി.