ആശാവര്‍ക്കേഴ്സിനോട് പൊലീസിന്റെ ക്രൂരത; സമരപ്പന്തലിലെ ടാര്പ്പോളിന് അഴിപ്പിച്ചു; മഴ നനഞ്ഞ് ആശമാര്‍
സെക്രട്ടറിയേറ്റിനു മുന്പില് സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്സിനോട് പൊലീസിന്റെ ക്രൂരത. ആശാവര്‍ക്കേഴ്സിന്റെ സമരപ്പന്തലിലെ ടാര്പ്പോളിന് പൊലീസ് അഴിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ ടാര്പ്പോളിന് അഴിച്ചതോടെ മഴ നനഞ്ഞാണ് ആശ വര്‍ക്കേഴ്സ് കിടന്നത്.
രണ്ടുമണിയോടെ മഴപെയ്യാന്‍ തുടങ്ങിയെന്നും എഴുന്നേറ്റ് തങ്ങള്‍ ടാര്പ്പോളിന് കെട്ടുകയായിരുന്നുവെന്നും ആശ വര്‍ക്കര്‍മാര്‍ പറയുന്നു. കെട്ടി തീരാറായപ്പോള്‍ അഴിച്ചു മാറ്റാന്‍ പറയുകയായിരുന്നുവെന്നും അത് അഴിച്ചു മാറ്റിയെന്നും ഇവര്‍ വ്യക്തമാക്കി. സ്ത്രീപക്ഷ സര്‍ക്കാരെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെന്നും എന്നിട്ടാണ് ഈ ക്രൂരതയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഈ ക്രൂരത ഒരാളോടും കാണിക്കരുതെന്നും ഇവര്‍ പറയുന്നു.
അതേസമയം, ആശ വര്‍ക്കേഴ്സിന്റെ സമരം 21-ആം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയേറുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തും.
എന്നാല്‍ ഹെല്‍ത്ത് വോളന്റിയര്‍മാരെ നിയമിക്കാനുള്ള ആരോഗ്യ വകുപ്പ് ഉത്തരവിന് പിന്നാലെ കൂടുതല്‍ ആശമാര്‍ ഡ്യൂട്ടിയ്ക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്നലെ 525 ആശമാര്‍ സമരത്തില്‍ നിന്ന് പിന്മാറി ജോലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ശതമാനം ആശമാര്‍ മാത്രമാണ് സമരത്തിലുള്ളതെന്നും എന്‍എച്ച്എം അറിയിച്ചു.