ചുങ്കത്തറയിലെ കൂറുമാറ്റം; സിപിഐഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി ഫോൺ കോൾ പുറത്ത്
ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറിയ വനിത അംഗത്തിൻ്റെ ഭർത്താവിനെതിരെ സിപിഐഎം നേതാക്കളുടെ ഭീഷണി. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് സുധീർ പുന്നപ്പാലയെയാണ് സിപിഐഎം എടക്കര ഏരിയ സെക്രട്ടറിയും സിഐടിയു ഏരിയ സെക്രട്ടറിയും ഭീഷണിപ്പെടുത്തിയത്. ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും കരുതിയിരിക്കാനും പറയുന്ന ഭീഷണി കോൾ പുറത്തുവന്നു.
അവിശ്വാസ പ്രമേയത്തിലൂടെ ചുങ്കത്തറ പഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെട്ടതിനേക്കാൾ വനിതാ അംഗം മറുകണ്ടം ചാടിയതാണ് സിപിഐഎം നേതാക്കളെ ചൊടിപ്പിച്ചത്. തീർന്നില്ല, സിപിഐഎമ്മിനെ ചതിച്ചിട്ട് തുടർന്നുള്ള പൊതുജീവിതം പ്രയാസം ആകുമെന്ന് സിഐടിയു ഏരിയ സെക്രട്ടറി എം ആർ ജയചന്ദ്രൻ ഭീഷണിപ്പെടുത്തി.
ചുങ്കത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് എം.ആർ ജയചന്ദ്രൻ. തന്നെയോ യുഡിഎഫ് പ്രവർത്തകരെയോ അക്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന് കഴിഞ്ഞ ദിവസം പിവി അൻവറും പ്രസംഗിച്ചിരുന്നു. ചുങ്കത്തറ കൂറുമാറ്റം നിലമ്പൂർ രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്.