KeralaTop News

ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്; കെ സുധാകരന്‍ എം പി

Spread the love

വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി.

നേരത്തെ പത്ത് വാര്‍ഡുകളാണ് യുഡിഎഫിന്റെതായി ഉണ്ടായിരുന്നെങ്കില്‍ ഇത്തവണയത് 12 എണ്ണമായി ഉയർന്നു. രണ്ട് വാര്‍ഡുകള്‍ കൂടി യുഡിഎഫിന് സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍, കോഴിക്കോട് പുറമേരി ഗ്രാമ പഞ്ചായത്തുകളിലെ സിപിഎമ്മിന്റെയും എറണാകുളം പായിപ്ര പഞ്ചായത്തിലെ സിപിഐയുടെയും സിറ്റിംഗ് വാര്‍ഡുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

പത്തനംതിട്ട നഗരസഭയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡ് എന്നിവടങ്ങളില്‍ നാമമാത്രമായ വോട്ടുകള്‍ക്കാണ് യുഡിഎഫിന് വിജയം നഷ്ടമായത്. അതേസമയം, ഇത്തവണ എല്‍ഡിഎഫിന് മുമ്പുണ്ടായിരുന്നതില്‍ നിന്ന് മൂന്ന് വാര്‍ഡുകള്‍ കുറഞ്ഞു. എല്‍ഡിഎഫിന്റെ ഗ്രാഫ് താഴെക്കാണ്.താഴെത്തട്ടില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും ജനവികാരം എതിരാണെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 വോട്ടിന് യു.ഡി.എഫ് വിജയിച്ചുവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.