Sunday, April 20, 2025
KeralaTop News

മര്‍ക്കട മുഷ്ടി ചുരുട്ടിയ നേതാവിന് സമര്‍പ്പിക്കുന്നു; ജി സുധാകരന് ഒളിയമ്പുമായി SFI നേതാവ്

Spread the love

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പരോക്ഷമായി പരിഹസിച്ച് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ്. ആലപ്പുഴയില്‍ നിന്നുള്ള എം ശിവപ്രസാദ് എസ്എഫ്്‌ഐയുടെ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് പരിഹാസം. ‘തനിക്ക് ശേഷം ആരും വേണ്ട എന്ന് മര്‍ക്കട മുഷ്ടി ചുരുട്ടിയ നേതാവിന് മുമ്പില്‍ സമര്‍പ്പിക്കുന്നു… ഇനിയും അനേകായിരങ്ങള്‍ ഈ മണ്ണില്‍ നിന്ന് പുതിയ നേതൃത്വം ആയി ജനിക്കും’ – അക്ഷയ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ എസ്എഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ആണ് ജി സുധാകരന്‍. അതിനുശേഷം ആദ്യമായാണ് എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായി ആലപ്പുഴക്കാരന്‍ എത്തുന്നത്. നേരത്തെ പല വിവാദങ്ങളിലും എസ്എഫ്‌ഐ നേതൃത്വത്തിന് എതിരെ ജി സുധാകരന്‍ നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഡി സോണ്‍ കലോത്സവത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ നടത്തിയ പ്രതികരണവും പ്രതിപക്ഷം എസ്എഫ്‌ഐക്കെതിരെ ആയുധമാക്കി. കലോത്സവ വേദികള്‍ തമ്മില്‍ തല്ലാനുള്ള ഇടമല്ലെന്നായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.ആലപ്പുഴയിലെ സിപിഐഎം സമ്മേളനങ്ങളില്‍ ജി സുധാകരനെ ക്ഷണിക്കാത്തതും അടുത്തിടെ ചര്‍ച്ചയായി. ജി സുധാകരനെതിരെ ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ച എ എ അക്ഷയ് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി അംഗമാണ്.