ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.
പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെയാണ്.മാർച്ച് 13നാണ് പൊങ്കാല. അന്നേദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. അഞ്ചാം ഉത്സവദിനമായ മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും. 101ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കും. 13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും.
ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11-ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും.13-ന് രാത്രി 7.45-ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14-ന് രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരുമണിക്ക് കുരുതിതര്‍പ്പണവും നടത്തും.