KeralaTop News

നിർമാതാക്കളുടെ സംഘടന പിളർപ്പിലേക്ക്?: ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ

Spread the love

നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ. സുരേഷ്കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്ന് ആൻ്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ ആലോചിച്ചില്ല.

ആൻ്റോ ജോസഫിനെ പോലെയുള്ളവർ സുരേഷ്കുമാറിനെ തിരുത്തണമെന്നും ആൻ്റണി പെരുമ്പാവൂർ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സംഘടനയിൽ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങൾ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാൻ അദ്ദേഹം തയാറായതുകൊണ്ട് അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങൾക്കുമുന്നിൽ തുറന്നുപറയുകയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് കണ്ടു. മറ്റു ചില സംഘടനകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാൻ തയാറായത് എന്നാണ് താൻ കരുതുന്നതെന്നും എന്നാൽ ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അതേസമയം ആൻ്റണി പെരുമ്പാവൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ച് പ്രിത്വിരാജ് സുകുമാരൻ രംഗത്തെത്തി. എല്ലാം ഓക്കെ അല്ലെ അണ്ണാ എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്.