ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ
ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്ത്, മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ഞായറാഴ്ച ഈ പ്രസ്താവന നടത്തിയത്.
മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ശിവ പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മോഹൻ സിംഗ് ബിഷ്ട് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 45 ശതമാനം മുസ്ലീങ്ങളാണ് ഇവിടെ ഉള്ളത്. എന്നാൽ ഞാൻ എവിടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലീങ്ങൾ 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരു സെൻസസ് നടത്തുകയും മുസ്തഫാബാദിൽ നിന്ന് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്ന പേര് മാറ്റുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.
2020-ലെ കുപ്രസിദ്ധമായ ഡൽഹി കലാപത്തിൽ മുസ്തഫാബാദ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കിയതിനെത്തുടർന്ന് നിരവധി വീടുകളും കടകളും മതസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇത് നിരവധിപേരുടെ മരണത്തിനും നാടുകടത്തലിനും കാരണമായി.