KeralaTop News

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

Spread the love

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും.

ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം
ഉണ്ടായിരുന്നു. കേസില്‍പ്പെട്ട ഭൂമിക്ക് നഷ്ടപരിഹാരംനല്‍കുന്നതിലായിരുന്നു ആശയക്കുഴപ്പം.

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതിയും നല്‍കി. എന്നാല്‍ ഏറ്റെടുക്കുന്ന എസ്‌റ്റേറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് സര്‍ക്കാരിന് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സാധാരണ കേസില്‍ പെട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ ആ ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാരം ബന്ധപ്പെട്ട കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കുകയാണ് പതിവ്. അതിനു വിപരീതമായി കേസില്‍ പെട്ട ഭൂമിക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പരാമര്‍ശിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഹായം തേടിയിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നത്.

അതേസമയം, ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യപട്ടികയില്‍ 242 കുടുംബങ്ങളാണ് ഇടം നേടിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്തബാധിതര്‍, പാടികളില്‍ കഴിഞ്ഞിരുന്ന ദുരന്തബാധിതര്‍ എന്നിവരെയാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് മറ്റെവിടെയും വീടില്ല എന്ന് ഉറപ്പുവരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പത്താം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 50 പേരും പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ ഒരു കുടുംബവും ഉള്‍പ്പെടെ 51 പേരാണ് പട്ടികയില്‍ ഉള്ളത്. പതിനൊന്നാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 79 പേരും ആക്ഷേപത്തെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ നാലുപേരും ഉള്‍പ്പെടെ 83 പേര്‍ പട്ടികയില്‍ ഉണ്ട്. പന്ത്രണ്ടാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന 106 കുടുംബങ്ങളും പരാതിയെ തുടര്‍ന്ന് ചേര്‍ക്കപ്പെട്ട രണ്ടു കുടുംബങ്ങളും ഉള്‍പ്പെടെ 108 പേരുണ്ട്. അന്തിമ പട്ടിക കളക്ടറേറ്റ്, വയനാട്, മാനന്തവാടി ആര്‍ ഡി ഓ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശസ്വയംഭരണവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.