KeralaTop News

‘ജയില്‍ ഡിഐജി ഷെറിനെ കാണാന്‍ വരും; ലോക്കപ്പില്‍ നിന്നിറക്കിയാല്‍ 2 മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ കയറ്റുക’; ഗുരുതര വെളിപ്പെടുത്തലുമായി സഹതടവുകാരി

Spread the love

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിന് അട്ടക്കുളങ്ങരെ ജയിലില്‍ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കി എന്നാണ് ആരോപണം. ഷെറിന് സൗകര്യമൊരുക്കിയതിന് പിന്നില്‍ അന്നത്തെ ജയില്‍ ഡിഐജി പ്രദീപാണെന്നും സുനിത പറയുന്നു.

ഷെറിന്‍ എന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. മറ്റുള്ള തടവുകാരെ പോലെ അവര്‍ ക്യൂവില്‍ നിന്ന് ഭക്ഷണമൊന്നും വാങ്ങിയിരുന്നില്ല. അവര്‍ പറയുന്ന ഭക്ഷണം മൂന്ന് നേരം ജയില്‍ ജീവനക്കാര്‍ പുറത്ത് നിന്ന് വാങ്ങിക്കൊടുക്കുകയായിരുന്നു പതിവ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെങ്കിലും അത് പുറത്ത് നിന്ന് തയ്ച്ചുകൊണ്ടുവരുന്നതായിരുന്നു- സുനിത പറയുന്നു. ബെഡും തലയിണയും, മുഖം നോക്കാൻ കണ്ണാടി മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ സെല്ലിൽ ലഭ്യമാക്കിയിരുന്നു എന്നാണ് സുനിതയുടെ വെളിപ്പെടുത്തൽ.

അന്നത്തെ ജയിൽ ഡി ഐ ജി ആയിരുന്ന പ്രദീപമായി ഷെറിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും സുനിത പറയുന്നു. ജയില്‍ ഡിഐജി പ്രദീപ് ആഴ്ചയില്‍ ഒരു ദിവസമെന്നത് പോലെ വൈകുന്നേരം ഷെറിനെ കാണാന്‍ വരുമായിരുന്നുമെന്നും പറയുന്നു. ഏഴ് മണിക്ക് ശേഷം ഷെറിനെ ലോക്കപ്പില്‍ നിന്നിറക്കിയാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ച് കയറ്റാറെന്നും ഇവര്‍ പറയുന്നു. സെല്ലിനടക്ക് മേക്കപ്പ് സെറ്റടക്കം ഷെറിന്‍ ഉപയോഗിച്ചിരുന്നുവെന്നും സുനിത പറയുന്നു. സ്വന്തം പാത്രമുള്‍പ്പടെ ഇവര്‍ കഴുകിപ്പിച്ചിരുന്നത് സഹതടവുകാരെക്കൊണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സെന്‍കുമാര്‍ ഡിജിപി ആയിരുന്ന സമയത്ത് പരാതി നല്‍കിയെങ്കിലും തനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഡിജിപി ഭീഷണിപ്പെടുത്തിയെന്നും സുനിത വ്യക്തമാക്കി. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പല വിവരാവകാശങ്ങളും നല്‍കിയെന്നും എന്നാല്‍ പൊലീസ് പ്രതികരിച്ചിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.