NationalTop News

പാകിസ്‌താനിൽ നിന്നും മഹാകുംഭമേളയ്‌ക്കെത്തി വിശ്വാസികൾ; ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത് സംഘം

Spread the love

മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌ഗരാജിലെത്തി പാകിസ്‌താനിൽ നിന്നുള്ള വിശ്വാസികൾ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള 68 ഹിന്ദു ഭക്തരുടെ സംഘമാണ് കഴിഞ്ഞ ദിവസം പ്രയാഗ് രാജിലെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രിലിൽ പാകിസ്‌താനിൽ നിന്നുള്ള 250 പേർ പ്രയാഗ് രാജിലെത്തി സ്നാനം ചെയ്തിരുന്നു. ഇത്തവണ സിന്ധ് ജില്ലയിലെ ആറ് ജില്ലകളിൽ നിന്നായി 68 പേരാണ് വന്നത്. ഇതിൽ 50 പേർ ആദ്യമായി കുംഭമേളയ്‌ക്കെത്തിയവരാണ്.

പാകിസ്‌താനിൽ നിന്നും ഇന്ത്യയിലെത്തിയ ഭക്തരുടെ സംഘം ആദ്യം ഹരിദ്വാർ സന്ദർശിച്ചതായും അവിടെ 480 പൂർവികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തുവെന്നും സംഘത്തോടൊപ്പം ഉണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു. കൃത്യമായ വൃതവും ആചാരങ്ങളും അനുഷ്ഠിച്ചാണ് പവിത്രമായ കുംഭമേളയ്‌ക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി മഹാകുംഭ മേളയെക്കുറിച്ച് കേട്ടതുമുതൽ സന്ദർശിക്കാനുള്ള അതിയായ ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല,” സിന്ധ് നിവാസിയായ ഗോബിന്ദ് റാം മഖേജ പറഞ്ഞു.

“ആദ്യമായി, എന്റെ മതത്തെ ആഴത്തിൽ മനസ്സിലാക്കാനും കുംഭമേളയ്‌ക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞു. ഇത് അതിശയകരമായ അനുഭവമാണ്,” പാകിസ്‌താനിൽ നിന്നെത്തിയ 11-ാം ക്ലാസ് വിദ്യാർത്ഥിനി സുർഭി പറഞ്ഞു.