പണിമുടക്ക് ദിവസം KSRTC ബസിന്റെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവം; 2 ഡ്രൈവർമാർ അറസ്റ്റിൽ
പണിമുടക്ക് ദിവസം കെ എസ് ആർ ടി സി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർന്മാരായ സുരേഷ് , പ്രശാന്ത് കുമാർ എന്നിവരാണ് പിടിയിലായത്.
കെ എസ് ആർ ടി സിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തിയ ദിവസമാണ് കൊട്ടാരക്കര ഡിപ്പോയിലെ 8 ബസുകളുടെ വയറിംഗ് കിറ്റുകൾ പൂർണ്ണമായും നശിപ്പിച്ച സംഭവം ട്വന്റി ഫോർ പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർമാർ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ചേർന്നാണ് ബസുകൾ നശിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണമായിരുന്നു പൊലീസ് അന്വേഷണം. ഇരുവർക്കും എതിരെ വകുപ്പുതല നടപടിയും ഉടൻ ഉണ്ടാകും.