National

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് സിക്കിം; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, നൂറിലധികം പേരെ കാണാനില്ല

Spread the love

ദില്ലി: സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ ഊർജ്ജിതം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആറ് പേർ സൈനികരാണെന്നാണ് വിവരം. മരിച്ചവരിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ആഭ്യർത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

പ്രളയം നാശം വിതച്ച സിക്കിമിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയാരാനാണ് സാധ്യത. ക്യാമ്പുകളിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ നിലവിളികളാണ്. സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനുള്ള സാധ്യതയും വിദഗ്ധര്‍ പരിശോധിക്കുകയാണെന്ന് ജലകമ്മീഷൻ അറിയിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്. കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന് ഹെല്‍പ് ലൈനുകൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ മലയാളികളുമുണ്ട്. അതേസമയം, ലാച്ചെൻ താഴ്വരയിലെ വിനോദസഞ്ചാരികൾ സുരക്ഷിതരെന്ന് സർക്കാർ അറിയിച്ചു. ഇവിടെ വൈദ്യുതിയും മൊബൈൽ നെറ്റ്‍വർക്കും പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ടീസ്റ്റ നദിയിലെ ജലനിരപ്പ് താഴാത്തതിനാൽ പശ്ചിമബംഗാളിലും പതിനായിരം പേരെ ക്യാമ്പുകിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 190 ക്യാമ്പുകൾ തുറന്നു.