മഹാകുംഭമേളയുടെ ടെന്റിൽ കോഴിക്കറി പാചകം ചെയ്തതിന് കുടുംബത്തിന് നേരെ ആക്രമണം
ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം. അക്രമികള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും പാചകം ചെയ്ത കോഴിക്കറി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി ലേറ്റസ്റ്റ്ലി വാർത്ത റിപ്പോർട്ട് ചെയ്തു
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ ടെന്റ് പൊളിക്കുന്നതും പാചകം ചെയ്ത കോഴിക്കറി വലിച്ചെറിയുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും കാണാം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കുംഭമേളയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത്തരം പ്രവർത്തികള്‍ ഭാരതീയ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നും ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവർ ആരായാലും അവർക്കും അതേ ശിക്ഷ ലഭിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.