കൊടും ക്രൂരതകളില്‍ കോടതി വിധിയുടെ ദിവസം; ഗ്രീഷ്മക്ക് വധശിക്ഷ, സഞ്ജയ് റോയ്ക്ക് ജീവപര്യന്തം, ഋതു പൊലീസ് കസ്റ്റഡിയില്‍
നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളില്‍ കോടതി വിധി പറഞ്ഞ ദിവസമാണ് ഇന്ന്. ഒന്ന് തിരുവനന്തപുരത്ത് എങ്കില്‍ മറ്റൊന്ന് കൊല്‍ക്കത്തയില്‍. കേരളത്തിന്റെ ഉറക്കംകളഞ്ഞ മറ്റൊരു സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പൊലീസ് ഒരുങ്ങുകയും ചെയ്യുന്നു.
പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ ഇന്ന് ശിക്ഷാവിധി പ്രസ്താവിച്ചു. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും വിധിച്ചു.
കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് സീല്‍ദായിലെ സിവില്‍ ആന്‍ഡ് ക്രിമിനല്‍ കോടതി. 50,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സഞ്ജയ് റോയ് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാള്‍ സര്‍ക്കാര്‍ നല്‍കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍ കുടുംബം അതു നിരസിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് വധശിക്ഷ നല്‍കാത്തതില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ബംഗാളില്‍ വലിയ സമരപരമ്പരകള്‍ക്ക് തന്നെ വഴിവെച്ച സംഭവമായിരുന്നു യുവ ഡോക്ടറുടെ കൊലപാതകം.
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഋതു ജയനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതി സമാന രീതിയില്‍ ഇനിയും കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിന്‍ എന്നിവരോടുള്ള കടുത്ത വൈരാഗ്യം. ഋതു എത്തിയത് കൊല്ലണമെന്ന് ഉറപ്പിച്ചാണെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ കൊലപാതകം നടന്ന വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ ആലോചന. അതേസമയം, ഋതുവിനെതിരെ ജനരോഷം ശക്തമാണെന്നത് പൊലീസിന് വെല്ലുവിളിയാണ്. ഋതുവിന്റെ വീട് ഇന്നലെ വൈകിട്ട് ഒരുകൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തിരുന്നു.