NationalTop News

കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

Spread the love

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും റിലീസിന്റെ ആദ്യ ദിനം ചിത്രം അത്യാവശ്യം നല്ല കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

കോവിഡിന് ശേഷം എത്തിയ കങ്കണയുടെ ചിത്രങ്ങളിൽ ആദ്യ ദിന മികച്ച കളക്ഷൻ നേടിയതും ‘എമര്‍ജന്‍സി’ തന്നെയാണ്. ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത് 2.35 കോടി രൂപയുടെ കളക്ഷനാണ്. കങ്കണയുടെ മുൻ ചിത്രമായ തേജസ് ആദ്യ ദിനം 1.25 കോടി രൂപയാണ് നേടിയത്. ‘എമർജൻസി’ക്ക് മോര്‍ണിങ് ഷോയില്‍ 5.98 ശതമാനം മാത്രമാണ് കാഴ്ചക്കാരുണ്ടായത് എന്നാൽ രാത്രി ഇത് 36.25 ശതമാനമായി ഉയർന്നു. ഹിന്ദിയില്‍ ചിത്രത്തിന്‍റെ ഒക്യുപന്‍സി 19.26 , ചെന്നൈയിൽ 25 ശതമാനവും മുംബൈയിൽ 23.75 ശതമാനവുമാണ് .

കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.

കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഇന്ദിരാഗാന്ധി വധം, ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്‌റെ വളര്‍ച്ച തുടങ്ങിയ സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.