സംസ്ഥാനത്ത് ഇനി കുറുവ ഭീതി വേണ്ട, ഒളിവിൽ ഉള്ളവർ ഉടൻ തിരികെ എത്തില്ല
സംസ്ഥാനത്ത് ഇനി കുറുവാ ഭീതി വേണ്ട. കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്ന് ആലപ്പുഴ എസ്പി. തമിഴ്നാട്ടിലും കേരളത്തിലുമായി പ്രതികളേരെയും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ എത്തില്ല. ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ്ണസജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ എസ പി പറഞ്ഞു.
മധ്യകേരളത്തിലെ 12 കേസുകളിലായി പിടിയിലാകാൻ 5 പേരാണുള്ളത്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കുറുവ സംഘാംഗങ്ങളുടെ ചിത്രങ്ങൾ എത്തിച്ചു. കുറുവാ മോഷ്ടാക്കളുടെ മുഴുവൻ ചിത്രങ്ങളും തമിഴ്നാട് സ്റ്റേറ്റ് ക്രൈം റക്കോർഡ്സ് ബ്യൂറോയാണ് കൈമാറിയത്. പിടിയിലാകാൻ ഏകദേശം ഇനി അഞ്ചുപേർ മാത്രമെന്ന് കണക്കെന്നും ആലപ്പുഴ എസ് പി പറഞ്ഞു.
അതേസമയം കുറുവ സംഘത്തിലെ രണ്ടുപേർ ഇന്ന് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്.
ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.