ഒന്നിച്ചു നിൽക്കാൻ പി വി അൻവർ ആവശ്യപ്പെട്ടു, സീറ്റ് വാഗ്ദാനം ചെയ്തു; എ വി ഗോപിനാഥ്
പാലക്കാട് കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ എ വി ഗോപിനാഥിന്റെ വീട് സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പി വി അൻവർ. പി വി അൻവർ തന്റെ വീട്ടിലെത്തിയത് യൂഡിഎഫിനൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടാണെന്നും യൂഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് അൻവറിന്റെ സംസാരത്തിൽ നിന്ന് ബോധ്യമായിയെന്നും എ വി ഗോപിനാഥ് പറഞ്ഞു.
അൻവർ ആസൂത്രണം ചെയ്യുന്നത് വലിയ പദ്ധതികളാണ്. എല്ലാ മണ്ഡലങ്ങളിലും പ്രമുഖരെ ഒപ്പം ചേർക്കാനാണ് നീക്കം. തനിക്ക് അൻവർ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ യൂഡിഎഫിനൊപ്പം നിൽക്കുന്ന പരിപാടിക്ക് താൻ ഇല്ലെന്നും ഒന്നിനും താല്പര്യമില്ലെന്നും എ വി ഗോപിനാഥ് അറിയിക്കുകയായിരുന്നു.
അതേസമയം, പിണറായിസത്തെ പരാജയപ്പെടുത്താൻ നിലമ്പൂർ സീറ്റ് ത്യജിച്ച പി വി അൻവറിന് ഭാവി രാഷ്ട്രീയത്തെകുറിച്ച് കണക്ക് കൂട്ടലുണ്ടാകുമെന്ന് ഉറപ്പാണ്. യുഡിഎഫ് ജയം ഉറപ്പിക്കാനായി നിലമ്പൂർ സീറ്റ് വിട്ടുകൊടുക്കുമ്പോൾ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി അൻവറിന് യു ഡി എഫ് പ്രവേശനവും നിയമസഭാ സീറ്റും കൂടിയേ തീരൂ. അഴിമതിയാരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞും നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചും അൻവർ അതിനുളള ശ്രമങ്ങൾ നടത്തി കഴിഞ്ഞു. ലീഗിൻെറ ശക്തി ദുർഗമായി കരുതുമ്പോഴും മലപ്പുറം ജില്ലയിലെ 4 സീറ്റുകളിൽ ഇടത് എംഎൽഎമാരാണ്.
പെരിന്തൽമണ്ണ, മങ്കട സീറ്റുകളിലെ വോട്ട് വ്യത്യാസം തീരെ കുറവുമാണ്. നിലമ്പൂർ ഉപേക്ഷിക്കുന്ന അൻവർ ഇപ്പോൾ കെ.ടി ജലീൽ പ്രതിനിധീകരിക്കുന്ന തവനൂരിലേക്ക് മാറാനുളള സാധ്യതയുണ്ട്. യു ഡി എഫിൻെറ
ഭാഗമായാൽ ഇതിനൊക്കെയുളള സാധ്യത തെളിയും.
കോൺഗ്രസിൽ പുതിയ തർക്കത്തിന് തുടക്കമിട്ടാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. ആര്യാടൻ ഷൗക്കത്തല്ല, നിലമ്പൂരിൽ വി എസ് ജോയിയാണ് മികച്ച സ്ഥാനാർത്ഥിയെന്ന അൻവറിൻറെ നിർദ്ദേശത്തിൽ പാർട്ടിക്കുള്ളിൽ വലിയ അമർഷമുണ്ടായിരുന്നു. കോൺഗ്രസിൻ്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുമ്പോഴും അൻവറിന് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.