മോചനം കാത്ത്; അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും. രാവിലെ ഇന്ത്യൻ സമയം 10:30-നാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.
ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങളൊന്നും ഇല്ലെന്നാണ് റിയാദിലെ നിയമ സഹായ സമിതി സൂചിപ്പിക്കുന്നത്. ഓൺലൈനായി കേസ് പരിഗണിക്കുമ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരാകും. പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.
2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.