തട്ടിപ്പ് കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ചിലര്‍ക്ക് ലീഗ് നേതാക്കളെ കുറ്റം പറയലാണ്’: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്
സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്. ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലുമൊത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കേക്ക് മുറിച്ചതിന് പിന്നാലെ തങ്ങളെ ഉന്നം വെച്ചുള്ള അമ്പലക്കടവിന്റെ പരോക്ഷ വിമര്‍ശനമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഹമീദ് ഫൈസി അമ്പലക്കടവ് പ്രസിഡന്റ് ആയ സ്‌കൂളില്‍ മകളുടെ നിയമനവുമായി ബന്ധപ്പട്ട് ഉയര്‍ന്ന പരാതികളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചാണ് ലീഗ് തിരിച്ചടിക്കുന്നത്.
തട്ടിപ്പ് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ ലീഗ് നേതാക്കളെ കുറ്റം പറയുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ജനങ്ങള്‍ അംഗീകരിച്ച രാഷ്ട്രീയമാണ് മുസ്ലിം ലീഗിന്റേത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അത് കണ്ടതാണെന്നും പിഎംഎ സലാം പറഞ്ഞു.
എന്നാല്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചത് എന്നാണ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കവിന്റെ വിശദീകരണം. തങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശം നടത്തിയിട്ടോ ചിന്തിച്ചിട്ടോ ഇല്ലെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങള്‍ ക്രൈസ്തവ സഭകളുടെ ആസ്ഥാനത്ത് പോകുന്നതും അവര്‍ പാണക്കാട് വരുന്നതും ഒക്കെ സൗഹൃദത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്തയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു. വാഫി വിഷയം ഉയര്‍ത്തി ജമാഅത്തെ ഇസ്ലാമി സമസ്തയില്‍ ഭിന്നത ഉണ്ടാക്കിയെന്നും ജമാഅത്തെ ഇസ്ലാമി മുസ്ലീം സംഘടനകളില്‍ എല്ലാം ഭിന്നത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്തയ്ക്ക് എതിരെ പ്രതികരണങ്ങളുയര്‍ത്തി ജമാഅത്തെ ഇസ്ലാമി പ്രചാരണം നടത്തുന്നു. ജമാഅത്തെ ഇസ്ലാമിക്കു ജന പിന്തുണ ഇല്ല. സമസ്തയില്‍ ഭിന്നിപ്പ് ഉണ്ടാക്കി ജന പിന്തുണ ഉണ്ടാക്കാനാണ് ജമാഅത്തെ ഇസ്ലാമി നീക്കം – അദ്ദേഹം വ്യക്തമാക്കി.
ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും, ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ട് എന്നുമായിരുന്നു അമ്പലക്കടവ് പറഞ്ഞത്.