KeralaTop News

മെമ്മോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്; എന്‍ പ്രശാന്തിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

Spread the love

എന്‍ പ്രശാന്തിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും, അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി മറുപടിയില്‍ വ്യക്തമാക്കുന്നു. എന്‍ പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി.

സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ക്കും ചാര്‍ജ് മെമ്മോ ചോദ്യം ചെയ്ത് പ്രശാന്ത് രംഗത്തെത്തിയതിനുമാണ് ശാരദാ മുരളീധരന്റെ മറുപടി. ഡിജിറ്റല്‍ തെളിവുകള്‍ തനിക്ക് കാണണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യമെങ്കില്‍ കാണാമെന്ന് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ പറഞ്ഞിരുന്നു. തനിക്ക് ഇത് കാണണമെന്ന് തന്നെ പ്രശാന്ത് ഉറപ്പിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തെളിവുകള്‍ കാണാമെന്നും ആദ്യം മെമ്മോയ്ക്ക് മറുപടി നല്‍കണമെന്നുമാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഐഎഎസ് തലപ്പത്തെ പോരിലും മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും എന്‍ പ്രശാന്തിനേയും കെ ഗോപാലകൃഷ്ണനേയും ഒരേ സമയത്താണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. കെ ഗോപാലകൃഷ്ണന്‍ മെമ്മോയ്ക്ക് മറുപടി നല്‍കിയെന്നും എന്‍ പ്രശാന്ത് നല്‍കിയില്ലെന്നും റിവ്യു കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. സസ്‌പെന്‍ഷന് ശേഷവും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നടപടികളാണ് എന്‍ പ്രശാന്തില്‍ നിന്നുണ്ടായതെന്നും റിവ്യു കമ്മിറ്റി കണ്ടെത്തിയിരുന്നു.