അന്‍വറിനെ കൂടെക്കൂട്ടണോ? യുഡിഎഫിനുള്ളില്‍ സംശയം തീര്‍ന്നില്ല; മലബാറിലെ ഡിസിസികള്‍ക്കും ലീഗിനും എതിര്‍പ്പെന്ന് സൂചന
പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടായേക്കില്ല. തിരുവനന്തപുരത്ത് എത്തിയ പി.വി.അന്‍വറിന് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായിട്ടില്ല.അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകുമോയെന്ന് സംശയമുളളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലും
ഉണ്ട്.ആര്യാടന്‍ ഷൌക്കത്ത് എതിര്‍പ്പ് പരസ്യമാക്കി കഴിഞ്ഞു.അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അന്‍വറിന്റെ വിഷയത്തില്‍ മുന്നണി നേതൃത്വം ലീഗിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. വനവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായതോടെ പി.വി അന്‍വറിനോടുളള യു.ഡി.എഫിന്റെ നേതൃത്വത്തിന്റെ സമീപനം മാറിയിട്ടുണ്ട്. എന്നാല്‍ അത് മുന്നണി പ്രവേശനത്തിനുളള വാതില്‍ തുറക്കലല്ല.അന്‍വറിന്റെ രാഷ്ട്രീയ നിലപാടിലും നിയന്ത്രണമില്ലാത്ത പ്രതികരണ രീതിയിലും ഇപ്പോഴും സംശയമുളളതാണ് കാരണം.
മലബാറിലെ ഡിസിസികളും നേതാക്കളും അന്‍വറിന് എതിരാണ്. രാഷ്ട്രീയ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാത്ത പി.വി അന്‍വറിനെ കൂടെ ചേര്‍ക്കുന്നത് ഭാവിയില്‍ ബാധ്യതയായി മാറുമോയെന്ന ആശങ്കയുണ്ട്. മുസ്ലിം ലീഗാണ് പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തോട് താല്‍പര്യം
കാട്ടുന്നത്. മലപ്പുറത്തെ രാഷ്ട്രീയമാണ് ഇതിന്റെ പിന്നില്‍.എന്നാല്‍ ഏറനാട്, നിലമ്പൂര്‍ മേഖലയിലെ ലീഗ് നേതാക്കള്‍ക്ക് അന്‍വറിനോട് അത്ര മമതയില്ല. നാളെ കോണ്‍ഗ്രസ് ഭാരവാഹിയോഗമുണ്ട്. അന്‍വര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് സാധ്യത ഇല്ലെങ്കിലും എതിര്‍പ്പ് ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്.