NationalTop News

സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ

Spread the love

നടന്‍ സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ‌ പുതിയ ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക് സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും ഉണ്ട്.

മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്‌സി അപാര്‍ട്‌മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ അപാര്‍ട്‌മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്‌ണോയിയുടെ സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. ജനുവരിയില്‍ രണ്ട് അജ്ഞാതര്‍ വ്യാജപ്പേരില്‍ തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

സുരക്ഷയുടെ ഭാഗമായി സല്‍മാന്‍ഖാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വാഹന വ്യൂഹം എപ്പോഴും ഉണ്ടാവാറുണ്ട്. വൈ പ്ലസ് സെക്യൂരിറ്റിയാണ് താരത്തിന്. എല്ലാ വിധ ആയുധങ്ങളും കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു കോൺസ്റ്റബിളും സൽമാന്റെ സുരക്ഷ ഉറപ്പാക്കാനുണ്ട്.

ഗുജറാത്ത് സബർമതി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും താരത്തിനെതിരെ നിരന്തരം വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2018 ൽ അദ്ദേഹത്തെ വധിക്കാൻ ബിഷ്ണോയ് സമു​ദായത്തിൽ നിന്ന് ചിലർ ആഹ്വാനം ചെയ്തിരുന്നു. ജോധ്പൂരിൽ വെച്ച് സൽമാൻ ഖാൻ കൊല്ലപ്പെടുമെന്ന് ആയിരുന്നു ഭീഷണി. കൂടാതെ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ലോറന്‍സ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.