‘ജി സുധാകരന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്ന മന്ത്രി; ഇന്ന് സിപിഐഎമ്മില്‍ കറിവേപ്പിലയുടെ വില പോലുമില്ല’: കെ സുരേന്ദ്രന്
ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുധാകരന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മന്ത്രിയായിരുന്നുവെന്ന് സുരേന്ദ്രന് പറഞ്ഞു. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജില്ലയില്‍ ജി സുധാകരന് എന്നൊരു നേതാവുണ്ട്. ആ നേതാവ് മന്ത്രിയായിരിക്കുമ്പോഴും ജനപ്രതിനിധി ആയിരിക്കുമ്പോഴും എങ്ങനെ മാതൃകാപരമായി പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചിട്ടുള്ളയാളാണ്. അദ്ദേഹം കമ്യൂണിസ്റ്റായി എന്ന കാരണം കൊണ്ട് സത്യത്തെ നിഷേധിക്കുന്നില്ല. ജി സുധാകരന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ വകുപ്പില്‍ അഴിമതി നടത്തുന്ന കരാറുകാരെ ഒരു മന്ത്രിയെന്ന നിലയില്‍ എങ്ങനെ നേരിട്ടുവെന്ന് അറിയാം. അഴിമതി നടത്താത്ത ഒരു മന്ത്രിയായിരുന്നു ജി സുധാകരന്. ആ സുധാകരന് ഇന്നൊരു കറിവേപ്പിലയുടെ വില പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലില്ല – അദ്ദേഹം വ്യക്തമാക്കി. സുരേഷ് കുറുപ്പിനെ പാര്‍ട്ടി അവഗണിച്ചവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് പൊതുപ്രവര്‍ത്തനം പോലും നിര്‍ത്തേണ്ടി വന്നുവെന്നും പറഞ്ഞു.
അതേസമയം, കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 60 ഓളം CPIM പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 200 ലധികം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന് ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ പോയവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐഎം വ്യക്തമാക്കി.