ബസ് സർവീസ് വൈകിട്ട് നാല് മണി വരെ; 12 മണിക്ക് ശേഷം വാഹന പരിശോധന; ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ
പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വാഹന പരിശോധനയുണ്ടാകും. ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് നാളെ വൈകിട്ട് നാല് മണി വരെ മാത്രം. റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. മെട്രോ പുലർച്ചെ രണ്ടു മണി വരെ സർവീസ് നടത്തും.
2 മണി മുതൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. 80000 പേർക്ക് വെളി ഗ്രൗണ്ടിൻ നിൽക്കാൻ കഴിയുമെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ആളുകൾ വന്നാൽ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശിക്കുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തും. 12 മണിക്ക് ശേഷം 50 ബസുകൾക്ക് പ്രത്യേക പെർമിറ്റ് നൽകും. മെട്രോ സർവീസ് പുലർച്ചെ 2 മണി വരെ ഉണ്ടാകും. വാട്ടർ മെട്രോ വൈപ്പിൻ – ഹൈക്കോടതി സർവ്വീസ് നടത്തും. ബാറുകൾ രാത്രി 11 മണിക്ക് അടയ്ക്കണമെന്ന് നിർദേശം നൽകി.
സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി 12 മണിക്ക് ശേഷം വിവിധയിടങ്ങളിൽ പരിശോധന നടത്തും. പൊലീസിന്റെ പ്രത്യേക സ്ക്വാഡകളാണ് പരിശോധന നടത്തുക.