രോഗികളുടെ കൂട്ടമരണം: ആശുപത്രി ഡീനെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ച് ബിജെപി എംപി
മഹാരാഷ്ട്രയിലെ നന്ദേഡ് ഗവൺമെന്റ് മെഡിക്കൽ കോളജ് സന്ദർശിച്ച് ബിജെപി എംപി ഹേമന്ത് പാട്ടീൽ. രോഗികളുടെ കൂട്ടമരണം വാർത്തയായതിന് പിന്നാലെയാണ് സന്ദർശനം. വൃത്തിഹീനമായ ശുചിമുറികൾ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനിടെ നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിൽ 31 പേരാണ് മരിച്ചത്. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. സംഭവം വർത്തയായതിന് പിന്നാലെയാണ് ബിജെപി എംപി ഹേമന്ത് പാട്ടീൽ മെഡിക്കൽ കോളജ് സന്ദർശിച്ച്. ഇന്ന് രാവിലെയാണ് അദ്ദേഹം പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം നിലവിലെ അവസ്ഥയെ കുറിച്ച് ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും ചോദിച്ചറിഞ്ഞു.
ആശുപത്രിയിലെ ശുചിമുറികൾ പരിശോധിക്കുന്നതിനിടെ വൃത്തിഹീനമായ ടോയ്ലറ്റുകൾ കണ്ട് എംപി ക്ഷുഭിതനായി. തുടർന്ന് സൂപ്രണ്ടിനോടും ഉദ്യോഗസ്ഥരോടും ശുചിമുറികൾ വൃത്തിയാക്കാൻ പാട്ടീൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആശുപത്രി ഡീനെ കൊണ്ട് ബിജെപി എംപി ടോയ്ലറ്റുകൾ വൃത്തിയാക്കിപ്പിച്ചത്. മരണത്തിന് ആശുപത്രിയിലെ ഡോക്ടർമാർ ഉത്തരവാദികളാണെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.