Wednesday, January 1, 2025
Latest:
NationalTop News

ഡോ. മന്‍മോഹന്‍ സിങിനെ BJP അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്: സംസ്‌കാര ചടങ്ങിലെ അപാകതകള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശനം

Spread the love

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്.
ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നല്‍കുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. ഡോ. മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തിന് മൂന്ന് കസേരമാത്രമാണ് അനുവദിച്ചതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ദൂരദര്‍ശന് മാത്രമായിരുന്നു സംസ്‌കാര ചടങ്ങളുകള്‍ ചിത്രീകരിക്കാനുള്ള അനുമതി. മന്‍മോഹന്‍ സിങിന്റെ കുടുംബത്തിന് പകരം അമിത് ഷായെയും മോദിയെയുമാണ് ദൂരദര്‍ശന്‍ കൂടുതല്‍ ഫോക്കസ് ചെയ്തത്. കുടുംബത്തിന് മൂന്ന് കസേരകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളു. കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിത്തത്. ദേശീയ പതാക മന്‍മോഹന്‍ സിങിന്റെ കുടുംബത്തിന് കൈമാറിയപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു. സംസ്‌ക്കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത് – ഖേര വ്യക്തമാക്കുന്നു.

പൊതുജനങ്ങളെ ഒഴിവാക്കി. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തി. അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച ഡോ.സിംഗിന്റെ കൊച്ചുമക്കള്‍ക്ക് ചിതയ്ക്കരികില്‍ എത്താന്‍ സ്ഥലത്തിനായി നെട്ടോട്ടമോടേണ്ടി വന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂര്‍വ്വം അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കേന്ദ്രസര്‍ക്കാരിന്റേത് ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായ നടപടിയെന്ന് ശിരോമണി അകാലിദള്‍ വിമര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്‍മോഹന്റെ മരണത്തില്‍ പോലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു.ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍ ബഹുമാനിച്ചിട്ടില്ല.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ ആളാണ് രാഹുല്‍.ഗാന്ധി കുടുംബം രാജ്യത്തെ ഒരു നേതാവിനെയും ബഹുമാനിച്ചിട്ടില്ലെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്നും ജെ പി നദ്ദ വിമര്‍ശിച്ചു.