KeralaTop News

കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി കസ്റ്റഡിയിലെടുത്തു; പിന്നാലെ വിട്ടയച്ച് തടിയൂരി പൊലീസ്

Spread the love

മോഷണക്കേസിൽ ശാന്തിക്കാരനെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് കഴിഞ്ഞദിവസം ക്ഷേത്രത്തിൽനിന്ന് വിളിച്ചുകൊണ്ടുപോയത്. ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് ദിനേശിനെ തൊട്ടടുത്ത ദിവസം വിട്ടയച്ചത്.

കഴിഞ്ഞദിവസം ദീപാരാധനയ്ക്ക് ശേഷമാണ് പൊലീസ് ക്ഷേത്രത്തിലെത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ ആണ് കസ്റ്റഡി എന്നാണ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ഭാരവാഹികളോടും ഭക്തരോടും പൊലീസ് പറഞ്ഞത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. ആളു മാറിയെന്ന് പിന്നീട് ബോധ്യപ്പെട്ടതാണ് വിട്ടയക്കാൻ കാരണം.

ഒരുമാസം മുൻപ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന തരത്തിൽ വിഷ്ണുവിൻറെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികൾ പോലീസിന് നൽകി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വിഷ്ണുവിൻറെ ഫോട്ടോ ഇവർക്ക് ലഭിച്ചത്. ഈ ഫോട്ടോ വെച്ചാണ് വിഷ്ണുവിനെ തേടി പോലീസ് എത്തിയത്.

വിഷ്ണുവുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞതോടെയാണ് അബദ്ധം പറ്റിയത് അറിഞ്ഞ പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്. അത്താഴപൂജ ഉൾപ്പെടെ ബാക്കി നിൽക്കെ ക്ഷേത്രം കീശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചുവെന്ന് മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.