അയ്യപ്പനെ കാണാൻ പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം
അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.
ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം.
വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രസിഡന്റ് പറഞ്ഞു.