KeralaTop News

മാടായി കോളജ് വിവാദത്തിനിടെ രാമനിലയത്തില്‍ എം കെ രാഘവനും രമേശ് ചെന്നിത്തലയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച

Spread the love

തൃശൂര്‍ രാമനിലയത്തില്‍ നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ച. എം കെ രാഘവന്‍ എം പി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ മാടായി കോളജിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടിക്കാഴ്ച നടന്നെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.

മറ്റ് പരിപാടികള്‍ ഇല്ലാതിരുന്നിട്ടും എം കെ രാഘവന്‍ എം പി രാവിലെ മുതല്‍ തൃശൂര്‍ രാമനിലയത്തില്‍ ക്യാമ്പ് ചെയ്തു എന്നത് ഇന്ന് നടന്നത് ഗൗരവതരമായ ചര്‍ച്ചയെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉച്ചയോടെയാണ് രാമനിലയത്തിലേക്ക് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയുടെ മുറിയില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. പിന്നീട് ഇവര്‍ രണ്ടുപേരും മാത്രമായി ബാല്‍ക്കണിയില്‍ വച്ച് അരമണിക്കൂറോളം നേരം സംസാരിച്ചു. എം കെ രാഘവനുമായുള്ളത് രഹസ്യ കൂടിക്കാഴ്ചയല്ലെന്നും തന്റെ സഹപ്രവര്‍ത്തകനെ കാണുന്നതില്‍ തെറ്റെന്താണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പ്രതികരിച്ചു. മാടായി കോളജ് വിവാദം ഉള്‍പ്പെടെ ഇരുവരും തമ്മില്‍ സംസാരിച്ചെന്നാണ് വിവരം.

എം കെ രാഘവന്‍ എം പി പാര്‍ട്ടിക്ക് വലിയ അസറ്റാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മാടായി കോളജ് നിയമവ വിവാദം പാര്‍ട്ടിയുടെ മൂന്നംഗ സമിതി അന്വേഷിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാടായി കോളജ് വിവാദത്തില്‍ പരസ്യപോര് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. എങ്കിലും അണിയറയില്‍ ഇപ്പോഴും വിവാദം കത്തുന്നുണ്ടെന്നാണ് വിവരം. വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ ഒരു മറുചേരി രൂപം കൊള്ളുന്നുവെന്ന് കൂടി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഇന്നുനടന്ന കൂടിക്കാഴ്ച അതീവ നിര്‍ണായകമാണ്.