മുശാവറ യോഗത്തിന് ശേഷം ഇറക്കിയ വാർത്ത കുറിപ്പ് കളവ്, സമസ്തക്ക് യോജിച്ച രീതിയല്ല; ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
സമസ്ത നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് മുശാവറ അംഗം ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.മുശാവറ യോഗത്തിന് ശേഷം ഇറക്കിയ വാർത്ത കുറിപ്പ് കളവെന്നും സമസ്തക്ക് യോജിച്ചരീതി അല്ലെന്നും നദ്‌വി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുശാവറയിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോകാൻ കാരണം ഉമർ ഫൈസി മുക്കം ആണ്. മുശാവറ യോഗത്തിന് ശേഷം സമസ്തയുടെ പേരിൽ പുറത്ത് വന്ന പ്രസ്താവന വസ്തുതകളോടും യാഥാർഥ്യങ്ങളോടും നിരക്കാത്തതാണ്. മുശാവറയിലെ ചർച്ചകൾ താൻ ആണ് പുറത്ത് വിട്ടത് എന്ന പ്രചാരണം ശരിയല്ലെന്നും വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യം പ്രസിദ്ധപ്പെടുത്തുന്നതിനോട് എങ്ങനെ യോജിക്കാനാകുമെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതേസമയം, മുശാവറയിലെ രണ്ട് പേർ തന്നെ കാഫിറാക്കിയെന്നും സമസ്തയിൽ ശുദ്ധീകരണം വേണമെന്നും സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരി. ജിഫ്രി തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ രണ്ട് വ്യക്തികൾ സ്വാധീനിക്കുന്നുവെന്നും ഹക്കീം ഫൈസി കൂട്ടിച്ചേർത്തു.